കോഴിക്കോട് : ബാബറി മസ്ജിദ് വിഷയത്തില്‍ കോടതി പ്രഖ്യാപിക്കുന്ന വിധി അംഗീകരിച്ചു സമാധാനത്തോട് കൂടി മുന്നോട്ട് പോകാന്‍ രാജ്യത്തെ ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ തയ്യാറാകണമെന്നു ഇന്ത്യന്‍ ഇസ്ലാഹി ജനറല്‍ സെക്രട്ടറി ഡോ : ഹുസൈന്‍ മടവൂര്‍, കേരള നദുവതുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ഡോ : ഇ കെ അഹമദ് കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിവിധ സമുദായങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ ഒരു മതേതര ജനാധിപത്യ സംവിധാനത്തില്‍ കോടതി വിധി അംഗീകരിക്കുകയല്ലാതെ മറ്റു പോംവഴികളില്ല. രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുവാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. രാജ്യത്തെ പൌരന്മാര്‍ക്കിടയില്‍ കൂടുതല്‍ സൌഹാര്‍ദവും സഹിഷ്ണുതയും വളര്‍ത്തിയെടുക്കേണ്ട സമയമാണിത്. വര്‍ഗീയതയും വിഭാഗീയതയും പ്രചരിപ്പിക്കാതിരിക്കുവാന്‍ എല്ലാവരും പ്രയത്നിക്കേണ്ടതുണ്ട്. ആവശ്യമുള്ളവര്‍ക്ക് മേല്ക്കോടതികളെ സമീപിക്കാമെന്നിരിക്കെ ബാബറി മസ്ജിദ് വിഷയത്തില്‍ ഒരു കാരണവശാലും ആരും വൈകാരികമായി പ്രതികരിക്കരുതെന്നും നേതാക്കള്‍ പറഞ്ഞു.