കേരള ജംഇയ്യത്തുല്‍ ഉലമ
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍, കേരള മുസ്‌ലിംകള്‍ അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും നടുവില്‍ നട്ടംതിരിയുന്നു. സമുദായം പൊതുധാരയില്‍ നിന്ന്‌ ഒറ്റപ്പെട്ട്‌ നില്‌ക്കുന്നു. അക്ഷരാഭ്യാസമില്ല. മാതൃഭാഷയില്‍ പോലും നിരക്ഷരര്‍. പിന്നാക്കത്തിന്റേ പിന്നണിയില്‍ നില്‌ക്കുന്ന പാവപ്പെട്ട മുസ്‌ലിം സമൂഹം.

ഭൗതികരംഗത്ത്‌ മാത്രമല്ല മതരംഗത്തും ഇതുതന്നെയായിരുന്നു അവസ്ഥ. അല്ലാഹുവിന്റെ മതമായ ഇസ്‌ലാമിനെ അനുയായികള്‍ക്ക്‌ ഇസ്‌ലാം എന്തെന്നറിയില്ല. പ്രമാണമായ വിശുദ്ധഖുര്‍ആന്‍ കേവല പാരായണത്തിലൊതുങ്ങി. സുന്നത്ത്‌ (നബിചര്യ) കേട്ടിട്ടുപോലുമില്ല. എതാനും ആചാരങ്ങളിലും മാലകള്‍ പാരായണം ചെയ്യുന്നതിലും സമൂഹത്തിന്റെ മതജീവിതം പരിമിതമായി.

ഈ സന്ദര്‍ഭത്തിലാണ്‌ ലോകത്തിലെ പല ഭാഗങ്ങളിലുമെന്നപോലെ കേരളക്കരയിലും വിശുദ്ധഖുര്‍ആനും നബിചര്യയും മനസ്സിലാക്കിയ പണ്‌ഡിതന്‍മാര്‍ സമുദായത്തെ ശരിയായ പാതയിലേക്ക്‌ നയിക്കുവാന്‍ ശ്രമമാരംഭിച്ചത്‌. 1922ല്‍ മധ്യകേരളത്തിലെ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി രൂപം കൊണ്ട കേരളമുസ്‌ലിം ഐക്യസംഘമാണ്‌ മുസ്‌ലിംനവോത്ഥാനത്തിന്‌ സംഘടിതമായ തുടക്കം കുറിച്ചത്‌.

വ്യവസ്ഥാപിതമായി നീങ്ങിയ ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം 1924ല്‍ ആലുവയില്‍ നടന്നു. അതിനോടനുബന്ധിച്ച്‌ കേരളത്തിലെ മുസ്‌ലിം പണ്‌ഡിതന്‍മാര്‍ക്ക്‌ പ്രത്യേകമായി ഉലമാകോണ്‍ഫറന്‍സ്‌ സംഘടിപ്പിക്കുകയും ഒരു പണ്‌ഡിതസംഘടനയ്‌ക്ക്‌ രൂപം നല്‌കുകയുമുണ്ടായി. കേരളത്തിലെ ഏതാണ്ട്‌ എല്ലാ പണ്‌ഡിതന്‍മാരെയും ഉള്‍ക്കൊണ്ട ആ സംഘടനയാണ്‌ കേരള ജംഇയത്തുല്‍ ഉലമ കേരളത്തിലെ ആദ്യത്തെ പണ്‌ഡിത സഭ.

സാധാരണജനങ്ങള്‍ക്കിടയില്‍ ഖുര്‍ആനിന്റേയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിക പ്രബോധനം നടത്തിക്കൊണ്ടിരിക്കുന്ന ഐക്യസംഘത്തിലെ ഉപദേശകസമിതി എന്ന നിലയില്‍ പത്തുവര്‍ഷം കേരള ജംഇയത്തുല്‍ ഉലമ (കെ ജെ യു) പ്രവര്‍ത്തിച്ചു. 1934 ല്‍ കേരള മുസ്‌ലിം ഐക്യസംഘം പിരിച്ചുവിടപ്പെട്ടതോടെ കര്‍മരംഗത്ത്‌ ജംഇയത്തുല്‍ ഉലമമാത്രമായി.
1935 ല്‍ അല്‍മുര്‍ശിദ്‌ എന്ന മാസിക പ്രസിദ്ധീകരിച്ചുകൊണ്ട്‌ കേരളമുസ്‌ലിംകള്‍ക്കിടയില്‍ ചിന്താവിപ്ലവത്തിനും ധൈഷണിക സംവാദത്തിനും കെ ജെ യു കളമൊരുക്കി. 1947ല്‍ മദീനത്തുല്‍ ഉലൂം അറബിക്‌ കോളെജ്‌ സ്ഥാപിച്ചുകൊണ്ട്‌ പ്രവര്‍ത്തനം സജീവമാക്കി. എല്ലാ ജനങ്ങളെയും ഉള്‍ക്കൊള്ളത്തക്കവിധം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന സംഘടനക്കു രൂപം നല്‍കി (1950) യതോടെ കെ ജെ യുവിന്റെ ഉത്തരവാദിത്തം കുറഞ്ഞു. ഇസ്ലാമിക പ്രസ്ഥാനത്തിന്‌ വൈജ്ഞാനികവും ധൈഷണികവുമായ നേതൃത്വം നല്‌കുകയാണ്‌ കെ ജെ യു പിന്നീട്‌ ചെയ്‌തത്‌. 1997 ല്‍ കെ ജെ യുവിന്റെ 75-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി.

1924ല്‍ കേരള ജംഇയത്തുല്‍ ഉലമ രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയത്‌ ഇവിടെയുള്ള മിക്ക പണ്‌ഡിതന്‍മാരുടെയും ഗുരുനാഥനായ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹ അറബികോളെജ്‌ പ്രിന്‍സിപ്പല്‍ അബ്‌ദുല്‍ജബ്ബാര്‍ ഹസ്‌റത്ത്‌ ആയിരുന്നു. ശൈഖിന്റെ മുന്നില്‍ മറുത്തുപറയാന്‍ കഴിയാത്തനിനാല്‍ ജംഇയത്തുല്‍ ഉലമയെ തത്‌കാലം അംഗീകരിച്ചുവെങ്കിലും അന്ധവിശ്വാസങ്ങളില്‍ സമുദായത്തെ മദ്‌ഹബീ പക്ഷപാതിത്വത്തില്‍ നയിച്ചിരുന്ന മുസ്ല്യാന്‍മാര്‍ക്ക്‌ ഖുര്‍ആനും സുന്നത്തും പ്രമാണമാക്കി പണ്‌ഡിതധര്‍മം നിറവേറ്റുക എന്നത്‌ അസ്വീകാര്യമായിരുന്നു. പൗരോഹിത്യത്തിന്‌ ഏല്‍പ്പിക്കാവുന്ന അപകടം മണത്തറിഞ്ഞ്‌ ശിഹാബുദ്ദീന്‍ അഹ്മദ്‌ കോയ (ചാലിയ) തുടങ്ങിയ ചിലരുടെ നേതൃത്വത്തില്‍ കോഴിക്കോട്‌ കേന്ദ്രീകരിച്ച്‌ സമാന്തര പണ്‌ഡിത സംഘടനക്ക്‌ രൂപം നല്‍കി. 1926ല്‍ ഉണ്ടാക്കിയ ഈ സംഘടന `കേരള ജംഇയത്തുല്‍ ഉലമാക്ക്‌ മുന്നില്‍ സമസ്‌ത എന്ന ഒരു പദം കൂട്ടിച്ചേത്ത്‌ 1934 രജിസ്റ്റര്‍ ചെയ്‌തു. അജ്ഞരായ സമുഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ സ്ഥാപനവത്‌കരിക്കാനും അരക്കിട്ടുറപ്പിക്കാനും ജനങ്ങളെ പരമാവധി ഖുര്‍ആനില്‍ നിന്നകറ്റുവാനുമാണ്‌ ഇവര്‍ ശ്രമിച്ചത്‌.

1950ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപീകരിക്കുകയും ഇസ്ലാമിക പ്രസ്ഥാനം ജനകീയമാക്കുകയും ചെയ്‌തു. കേരളം നവോത്ഥാന വീഥിയില്‍ ജാഗ്രതകൊണ്ടു. മുസ്‌ലിംകള്‍ നിര്‍ണായക ശക്തിയായി മാറി. മുജാഹിദ്‌ സമ്മേളനങ്ങളിലൂടെ പ്രസ്ഥാനത്തിന്റെ വേരും വ്യാപ്‌തിയും വര്‍ധിച്ചു. സംഘടന എന്ന നിലയില്‍ കെ ജെ യു വേണ്ടത്ര സജീവമാകാതിരുന്ന വേളയില്‍ 2002 ല്‍ കോഴിക്കോട്‌ ടാഗോര്‍ സെന്റിനറി ഹാളില്‍ വലിയ ഉലമ കോണ്‍ഫറന്‍സ്‌ സംഘടിപ്പിച്ചു. ആയിരത്തോളം ഇസ്‌ലാമിക പണ്‌ഡിതന്‍മാര്‍ പങ്കെടുത്ത ഒത്തുചേരല്‍ സജീവതക്ക്‌ വീണ്ടും നിമിത്തമായി.

ഇപ്പോള്‍ പ്രസ്ഥാനത്തിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങളില്‍ മുജാഹിദുകള്‍ക്കെതിരെ ചിലര്‍ ഉന്നയിച്ച ആദര്‍ശവ്യതിയായാരോപണങ്ങള്‍ കെ ജെ യു പണ്‌ഡിതോചിതമായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും അതിന്റെ യഥാര്‍ഥ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതില്‍ വീഴ്‌ചപറ്റിയതിനാല്‍ തുടര്‍നടപടികള്‍ക്ക്‌ പ്രയാസം നേരിട്ടു. സംഘടനയില്‍ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പ്‌ ഉണ്ടായപ്പോള്‍ പ്രബോധന രംഗത്ത്‌ സജീവമായിരുന്ന പണ്‌ഡിതന്‍മാരില്‍ ബഹുഭൂരിഭാഗവും നീതിയുടെ പക്ഷത്ത്‌ നിലകൊള്ളാന്‍ കാരണവും ഇതുതന്നെയായിരുന്നു.

ഗുരുനാഥന്‍മാരുടെ ഗുരുനാഥനായ എം ടി അബ്‌ദുറഹിമാന്‍ (വാഴക്കാട്‌), വന്ദ്യവയോധികരായ ഹൈദര്‍മൗലവി(മുട്ടില്‍), ടി എം ഇസ്‌ഹാഖ്‌ മൗലവി(മലപ്പുറം), എന്നിവരടങ്ങുന്ന ഉപദേശകസമിതിയുടെ കീഴില്‍ 2002 സെപ്‌തംബര്‍ പതിനഞ്ചിന്‌ കെ ജെ യു പുനസ്സംഘടിപ്പിച്ചു. ജ. സി പി ഉമര്‍ സുല്ലമിപ്രസിഡന്റും എ അബ്‌ദുല്‍ ഹമീദ്‌ മദീനി ജനറല്‍ സെക്രട്ടറിയും കെ കെ മുഹമ്മദ്‌ സുല്ലമി ട്രഷററുമായി പ്രവര്‍ത്തനം സജീവമാക്കി.

സമൂഹത്തില്‍ പണ്‌ഡിതന്‍മാര്‍ നിര്‍വഹിക്കേണ്ട ദൗത്യം കഴിഞ്ഞ അഞ്ചു വര്‍ഷമായി കെ ജെ യു കൂട്ടുത്തരവാദിത്തത്തോടെ നിര്‍വഹിച്ചുപോരുന്നു. പുതിയ തലമുറയില്‍ പണ്‌ഡിതന്‍മാരെ വാര്‍ത്തെടുക്കുക, നിലവിലുള്ള പണ്‌ഡിതന്‍മാര്‍ക്ക്‌ ഇസ്‌ലാമിക വിഷയങ്ങളില്‍ അവഗാഹം നേടാന്‍ സഹായിക്കുക, ഇസ്‌ലാമിനെതിരി വന്നുകൊണ്ടിരിക്കുന്ന എതിര്‍പ്പുകളെ സൈദ്ധാന്തികമായി നേരിടുക, അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുവാന്‍ വേണ്ടി ഖുര്‍ആനും സുന്നത്തും ദുര്‍വ്യാഖ്യാനം നടത്തുന്ന യാഥാസ്ഥിതിക വാദങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ക്ക്‌ മനസ്സിലാക്കി കൊ ടുക്കുക, ആധുനിക പ്രശ്‌നങ്ങളില്‍ മതവിധികള്‍ കണ്ടെത്തുക തുടങ്ങി വ്യത്യസ്‌ത തലങ്ങളില്‍ ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുകയാണ്‌.

`മാസപ്പിറവി, ഗോളശാസ്‌ത്രവും ഇസ്ലാമിക വീക്ഷണവും', `ജിന്ന്‌-പിശാച്‌-സിഹ്‌റ്‌' തുടങ്ങിയ സമകാലിക വിവാദവിഷയങ്ങളില്‍ പണ്‌ഡിതന്‍മാര്‍ക്കിടയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിന്‌ കെ ജെ യു നേതൃത്വം നല്‍കി. ആവശ്യമെന്നു തോന്നിയ വിഷയങ്ങളില്‍ യുവപണ്‌ഡിതന്‍മാര്‍ക്ക്‌ നോട്‌സ്‌ നല്‍കിവരുന്നു. ഖത്വീബുമാരായ യുവപണ്‌ഡിതന്‍മാര്‍ക്ക്‌ റഫ്രഷര്‍ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു.

കേരളത്തിലെ ഇസ്‌ലാഹീപണ്‌ഡിതന്‍മാരില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ഇരുപതുപേര്‍ക്ക്‌ സുഊദി അറേബിയയിലെ പ്രമുഖ പണ്‌ഡിതന്‍മാരുടെ നേതൃത്വത്തില്‍ പരിശുദ്ധമക്കയില്‍ വെച്ച്‌ `ദൗറശര്‍ഇയ' സംഘടിപ്പിക്കുകയുണ്ടായി. അതിന്റെ തുടര്‍ച്ചയായി ഇരുനൂറോളം യുവ പണ്‌ഡിതന്‍മാര്‍ക്കായി നാല്‌ പണ്‌ഡിത ക്യാംപുകള്‍(ദൗറ) കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ചു.

വ്യവസ്‌ഥാപിതമായി ഇസ്ലാഹീ പ്രവര്‍ത്തനം നടക്കുന്ന കേരളത്തിലെ പണ്‌ഡിതന്‍മാരും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ സമാനചിന്താഗതിയുള്ള ണ്‌ഡിതന്‍മാരും ഒരുമിച്ചുകൂടാനും അതാതുപ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കൂടുതല്‍ വ്യവസ്ഥാപിതമായി പ്രബോധനരംഗത്ത്‌ നിലകൊള്ളാനും മേല്‍പറഞ്ഞ പണ്‌ഡിത സംഗമങ്ങള്‍ നിമിത്തമായി എന്നത്‌ എടുത്തുപറയാവുന്ന നേട്ടമാണ്‌.

സുഊദി അറേബ്യയിലെ ഉമ്മുല്‍ ഖുറു, അല്‍ഖാസിം സര്‍വകലാശാലകളിലെ ഡോ. അബ്‌ദുല്ലത്തീഫ്‌, ഡോ സഅദ്‌ സുഹൈബാനി തുടങ്ങിയ പണ്‌ഡിതശ്രേഷ്‌ഠര്‍ ദൗറകള്‍ക്ക്‌ നേതൃത്വം നല്‍കി. കേരള ജംഇയത്തുല്‍ ഉലമ മുന്‍കൈയെടുത്ത്‌ നടത്തിയ ഈ ദൃശപ്രവര്‍ത്തനങ്ങള്‍ വരുംതലമുറയ്‌ക്ക്‌ട തീര്‍ച്ചയായും പ്രയോജനം ചെയ്യും.

കേരള ജംഇയ്യത്തുല്‍ ഉലമയെ കാലാകാലങ്ങളില്‍ നയിച്ചത്‌ പ്രഗത്ഭ പണ്‌ഡിതന്‍മാരായിരുന്നു. കെ എം മൗലവി, കെ ഉമര്‍ മൗലവി, പി സൈദ്‌ മൗലവി, കെ എന്‍ ഇബ്‌റാഹിം മൗലവി, സി പി ഉമര്‍ മൗലവി എന്നിവര്‍ അക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.
അടുത്തകാലത്ത്‌ നമ്മെ വിട്ടുപിരിഞ്ഞ കെ കെ മുഹമ്മദ്‌ സുല്ലമി, അമ്മാങ്കോത്ത്‌ അബൂബക്കര്‍ മൗലവി എന്നിവര്‍ കെ ജെ യുവിന്‌ ഏറെ സംഭാവനകളര്‍പ്പിച്ചവരാണ്‌. കെ ജെ യുവിന്റെ ട്രഷററായിരിക്കെ കെ പി മുഹമ്മദ്‌ മദനി (മരുത)യും ഏതാനും മാസം മുന്‍പ്‌ ഇഹലോകത്തോട്‌ വിടപറഞ്ഞു.

പണ്‌ഡിതസഭയുടെ സേവനം കൂടുതല്‍ ജനങ്ങളിലേക്ക്‌ എത്തിക്കുന്ന എന്ന ലക്ഷ്യത്തോടെ കെ ജെ യു ജില്ലാ ഘടകങ്ങള്‍ രൂപീകരിച്ചുവെങ്കിലും വേണ്ടത്ര സജീവമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉപദേശകസമിതി, പ്രവര്‍ത്തകസമിതി, ഫത്‌വ ബോര്‍ഡ്‌, ജനറല്‍ ബോഡി എന്നിങ്ങനെയാണ്‌ കെ ജെ യുവിന്റെ ഘടന. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിലേക്ക്‌ സമൂഹത്തെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം അന്ത്യപ്രവാചകനുശേഷം ഏറ്റെടുക്കേണ്ടവരാണ്‌ പണ്‌ഡിതന്‍മാര്‍. അവര്‍ക്ക്‌ നേതൃത്വം നല്‍കുവാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.


Popular Posts

 

Enter your email address:

Delivered by FeedBurner

Return to top of page Copyright © 2010 | മലയാളം ബ്ലോഗ്‌ ഹെല്‍പ് *-*-* Platinum Theme Converted into Blogger Template by HackTutors