ജുമുഅ നമസ്‌കാരം



ജുമുഅ നമസ്‌കാരം ആണ്‌. മതനിയമങ്ങളില്‍ അംഗീകരിച്ചിട്ടുള്ള കാരണങ്ങള്‍ ഇല്ലാത്തവരും ഒരു നാട്ടില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയെത്തിയ ബുദ്ധിയുള്ള സ്വതന്ത്രരായ എല്ലാ ഓരോരുത്തരും ജുമുഅയില്‍ പങ്കെടുക്കണം. ഒരു പ്രദേശത്ത്‌ ജുമുഅ നിര്‍വഹിക്കാന്‍ വേണ്ട വിശ്വാസികളുടെ എണ്ണം എത്രയാണെന്ന്‌ കൃത്യമായി ഇസ്‌ലാമികാധ്യാപനങ്ങളില്‍ സൂചിപ്പിക്കുന്നില്ല. അതിനാല്‍ ഒരു ജമാഅത്തു നമസ്‌കാരത്തിനുള്ള എണ്ണം തന്നെ ഇതിനും മതിയാകും. ജുമുഅ സാധൂകരിക്കാന്‍ നാല്‌പതു പേര്‍ വേണമെന്ന ഒരഭിപ്രായമുണ്ട്‌. നബി(സ) ആദ്യമായി ജുമുഅ നിര്‍വഹിച്ചപ്പോള്‍ അതില്‍ നാല്‌പതോളം ആളുകള്‍ ഉണ്ടായിരുന്നുവെന്നതാകാം ഇങ്ങനെ അഭിപ്രായമുന്നയിക്കാന്‍ കാരണം. എന്നാല്‍ നബി(സ) ജുമുഅ ഖുത്വ്‌ബ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു കച്ചവടസംഘം വന്നിട്ടുണ്ടെന്ന വിവരം അറിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്നവരില്‍ നിന്നും ഏതാനും ആളുകള്‍ അങ്ങോട്ട്‌ പോയി എന്നും അവിടെ ശേഷിച്ചത്‌ പന്ത്രണ്ടു പേര്‍ മാത്രമായിരുന്നുവെന്നും ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ടു ചെയ്‌ത ഹദീസില്‍ കാണാം.

പ്രസ്‌തുത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്‌ സൂറത്തുല്‍ ജുമുഅയുടെ അവസാന സൂക്തം അവതരിപ്പിക്കപ്പെട്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്‌.
ജുമുഅ നമസ്‌കാരം പട്ടണം, ഗ്രാമം, പള്ളി, ബില്‍ഡിംഗുകള്‍, വിശാലമായ മൈതാനം എന്നിവിടങ്ങളില്‍ വെച്ചെല്ലാം നിര്‍വഹിക്കാം. ജുമുഅ നമസ്‌കാരത്തിനു മുമ്പായി രണ്ടു ഖുത്വ്‌ബയും നിര്‍വഹിക്കണം. ഖത്വീബ്‌ പ്രസംഗ പീഠത്തില്‍ കയറിയ ശേഷം സദസ്യര്‍ക്ക്‌ സലാം ചൊല്ലി ഇരുന്നാലാണ്‌ ബാങ്കു വിളിക്കേണ്ടത്‌. ഇതാണ്‌ നബിയുടെയും ഖുലഫാഉര്‍റാശിദുകളുടെയും മാതൃക. എന്നാല്‍ നേരത്തെ മറ്റൊരു ബാങ്കും കൂടി ചിലയിടങ്ങളില്‍ വിളിക്കാറുണ്ട്‌. അത്‌ മതപരമായി ഹറാമാണെന്ന്‌ പറയാവതല്ലെന്നാണ്‌ പണ്ഡിത വീക്ഷണം. ജുമുഅ രണ്ട്‌ റക്‌അത്തും മറ്റു ദിവസങ്ങളില്‍ ദ്വുഹര്‍ നാലു റക്‌അത്തും എന്ന നിലയില്‍ തന്നെ നിയമമാക്കപ്പെട്ടതാണത്‌. ഖുത്വ്‌ബയുടെ ലക്ഷ്യം ബോധവല്‌കരണമാണ്‌. അതിനാല്‍ ഈ ഉദ്‌ബോധന ലക്ഷ്യം സാക്ഷാത്‌കരിക്കപ്പെടണമെങ്കില്‍ സമാജികരുടെ ഭാഷയില്‍ തന്നെയാവണം അത്‌.
നബി(സ)യുടെ മുന്നിലുണ്ടായിരുന്ന അവിടുത്തെ സ്വഹാബിമാര്‍ അറബിഭാഷ കൈകാര്യം ചെയ്യുന്നവരായിരുന്നുവല്ലോ. ആയതിനാലാണ്‌ ഖുത്വ്‌ബയുടെ ഉദ്ദിഷ്‌ട ലക്ഷ്യം ഉപദേശമാണെന്നും അതിലെ ഹംദ്‌, സ്വലാത്ത്‌, ഖുര്‍ആന്‍ പാരായണം. പ്രാര്‍ഥന മുതലായ അവിഭാജ്യ ഘടകങ്ങളല്ലാത്ത ഭാഗങ്ങള്‍ അറബി ഭാഷയല്ലാത്ത ഭാഷകളിലാകാമെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്‌. ഖുത്വ്‌ബയുടെ ആശയം സാമാജികര്‍ ഉള്‍ക്കൊള്ളത്തക്കതാവുക എന്നതാണതിലെ `ഇത്തിബാഅ്‌'. (നബിയെ പിന്‍പറ്റല്‍) ഖുത്വ്‌ബ ഏതു ഭാഷയിലായാലും അര്‍ഥം, സാരം, ഗഹനത, ഗ്രാഹ്യത, അവധാനത, ആശയസ്‌ഫുടത എന്നതെല്ലാം ഉള്‍ക്കൊണ്ടതായിരിക്കണം. ഖുത്വ്‌ബ നീണ്ടുപോകാതെ ചുരുക്കാനും നമസ്‌കാരം വളരെ ചുരുങ്ങിയതാകാതിരിക്കാനും സൂക്ഷിക്കേണ്ടതാണ്‌. രണ്ടു ഖുത്വ്‌ബകള്‍ക്കിടയില്‍ ചെറിയ ഒരു ഇരുത്തം നബിചര്യയാണ്‌. ഖുതുബയുടെ മുമ്പോ മിന്‍ബറിന്റെ താഴെ നിന്നുള്ള മറ്റൊരു പ്രസംഗം മതപരമായി നിശ്ചയിക്കപ്പെട്ടതല്ല.

ജുമുഅ നമസ്‌കാരത്തിനു മുമ്പായി `തഹിയ്യത്ത്‌' നമസ്‌കാരമല്ലാത്ത മറ്റു സുന്നത്തുകളൊന്നുമില്ല. ശേഷം രണ്ടോ നാലോ നമസ്‌കരിക്കണം. നാലാണ്‌ നമസ്‌കരിക്കുന്നതെങ്കില്‍ അതിലെ രണ്ട്‌ റക്‌അത്ത്‌ വീട്ടില്‍ വെച്ചായിരുന്നു പ്രവാചകന്‍(സ) നിര്‍വഹിച്ചിരുന്നത്‌. ജുമുഅക്കായി കുളിച്ചു വൃത്തിയായി നല്ല വസ്‌ത്രം ധരിച്ച്‌ നേരത്തെ പോകല്‍ സുന്നത്താണ്‌. ഇതിന്നായി നിശ്ചയിച്ച്‌ സമയത്ത്‌ വ്യാപാരങ്ങളും ക്രയവിക്രയങ്ങളും പാടില്ലാത്തതുമാണ്‌. ജുമുഅ നമസ്‌കാരത്തിലെ ഒരു റക്‌അത്ത്‌ ഇമാമിന്റെ കൂടെ ഒരാള്‍ക്ക്‌ കിട്ടിയാല്‍ അയാള്‍ ബാക്കി ഒരു റക്‌അത്തും കൂടി നിര്‍വഹിച്ചാല്‍ മതിയാകും. അപ്പോള്‍ അയാള്‍ക്ക്‌ ജുമുഅ കിട്ടി. എന്നാല്‍ ഒരു റക്‌അത്തിലെ കുറഞ്ഞ ഭാഗമാണ്‌ കിട്ടിയതെങ്കില്‍ അയാള്‍ നാലു റക്‌അത്ത്‌ ദ്വുഹര്‍ എന്ന നിലക്ക്‌ വീട്ടണം. ജുമുഅ നമസ്‌കാരത്തിലെ ഒന്നാമത്തെ റക്‌അത്തില്‍ ഫാതിഹക്കു ശേഷം സൂറത്തുല്‍ ജുമുഅയോ സൂറത്തുല്‍ അഅ്‌ലായോ രണ്ടാമത്തെ റക്‌അത്തില്‍ ഫാതിഹക്കു ശേഷം സൂറത്തുല്‍ മുനാഫിഖൂനോ സൂറത്തുല്‍ ഗാരിയയോ ആണ്‌ അധികമായും നബി(സ) ഓതിയിരുന്നത്‌.

ഇതല്ലാത്ത സൂറത്തോ ആയത്തുകളോ പാരായണം ചെയ്യുന്നത്‌ കുറ്റകരമൊന്നുമല്ല. വെള്ളിയാഴ്‌ച ദിവസം പെരുന്നാളും കൂടി ഒരുമിച്ചു വന്നാല്‍ അന്ന്‌ പെരുന്നാള്‍ നമസ്‌കരിച്ചവരുടെ മേല്‍ ജുമുഅ നിര്‍ബന്ധമില്ലെന്നും മറിച്ച്‌ അവര്‍ ദ്വുഹര്‍ നമസ്‌കരിച്ചാല്‍ മതിയെന്നും നിര്‍ദേശമുണ്ട്‌. എന്നാല്‍ പെരുന്നാള്‍ നമസ്‌കരിച്ചവരില്‍ നിന്നും ജുമുഅ നിര്‍വഹിക്കണമെന്ന്‌ ഉദ്ദേശിക്കുന്നവര്‍ക്കും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തിട്ടില്ലാത്തവര്‍ക്കും വേണ്ടി അവിടുത്തെ ഇമാം ജുമുഅ നിര്‍വഹിക്കേണ്ടതുമാണ്‌. ജുമുഅ കിട്ടാത്തവരും പെരുന്നാള്‍ നമസ്‌കരിച്ചതിനാല്‍ ജുമുഅയില്‍ പങ്കെടുക്കാത്തവരും ദ്വുഹര്‍ നമസ്‌കരിച്ചിരിക്കണം.

Please visit: http://ismkizhuparamba.blogspot.com/


Popular Posts


 
ജാലകം

Enter your email address:

Delivered by FeedBurner

Return to top of page Copyright © 2010 | മലയാളം ബ്ലോഗ്‌ ഹെല്‍പ് *-*-* Platinum Theme Converted into Blogger Template by HackTutors