കെ.എന്‍.എം
1950 ല്‍ രൂപീകൃതമായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പാത പിന്‍പറ്റി കേരള മുസ്‌ലിംകളെ വിശ്വാസപരവും കര്‍മ്മപരവും സാമൂഹികവുമായി ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ശ്രേണിയിലേക്ക്‌ നയിക്കുന്ന പ്രബോധനപ്രസ്ഥാനമാണ്‌. കഴിഞ്ഞ ഒരു നൂറ്റാണ്ട്‌ കാലത്തെ കേരളത്തിലെ മുസ്‌ലിംകളുടെ വളര്‍ച്ചയിലും നവോത്ഥാനത്തിലും പ്രസ്ഥാനം വഹിച്ച പങ്ക്‌ പ്രശംസനീയമാണ്‌.
.
കഴിഞ്ഞ അഞ്ച്‌ വര്‍ഷംകൊണ്ട്‌ ക്രിയാത്മകമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘടനയ്‌ക്ക്‌ സാധ്യമായിട്ടുണ്ട്‌. മദ്‌റസാ പഠനരംഗത്ത്‌ കാതലായ മാറ്റം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും മദ്‌റസാ പ്രസ്ഥാനങ്ങള്‍ക്ക്‌ സാധിച്ചിട്ടില്ല. സ്‌കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ കാലികമായ മാറ്റം ഉള്‍ക്കൊണ്ട്‌ പുതിയരീതിയില്‍ മുന്നേറുമ്പോള്‍ മദ്‌റസകളില്‍ വേണ്ടത്ര പരിശീലനം നേടാത്ത അദ്ധ്യാപകരും പരിഷ്‌കരിക്കാത്ത പാഠ്യപദ്ധതിയുമാണ്‌ തുടരുന്നത്‌. ഇത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ മദ്‌റസകള്‍ അനാകര്‍ഷണമായി മാറാന്‍ ഇടയാക്കിയിട്ടുണ്ട്‌. വളര്‍ന്ന്‌ വരുന്ന തലമുറ ധാര്‍മിക ശിക്ഷണങ്ങളില്‍ നിന്ന്‌ അകലുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇത്‌ മുന്നില്‍ കണ്ടുകൊണ്ടാണ്‌ മദ്‌റസാ പാഠപുസ്‌തകങ്ങള്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്‌.

മുജാഹിദ്‌ മദ്‌റസകളില്‍ അഞ്ച്‌ കൊല്ലംകൊണ്ട്‌ ഒന്ന്‌ മുതല്‍ അഞ്ച്‌ വരെയുള്ള ക്ലാസ്സുകളിലെ പുസ്‌തകങ്ങള്‍ പരിഷ്‌കരിച്ച്‌ പ്രസിദ്ധീകരിച്ചു. അദ്ധ്യാപകര്‍ക്ക്‌ അതിന്‌ അനുസരിച്ച പരിശീലനം നല്‍കുകയും ചെയ്‌തു. പരീക്ഷാരീതിയും മാറ്റി. ഇവക്കെല്ലാം സമൂഹത്തില്‍ നിന്ന്‌ നല്ല സ്വീകാര്യതയും ലഭിച്ചു. മുജാഹിദ്‌ മദ്‌റസകളില്‍ മാത്രമല്ല പൊതുവിദ്യാലയങ്ങളില്‍ കൂടി മതപഠനത്തിന്‌ ഈ പരിഷ്‌കരിച്ച പാഠ്യപദ്ധതിയും അതിന്‌ അനുസരിച്ച്‌ തയ്യാറാക്കിയ പാഠപുസ്‌തകങ്ങളും ഉ പയോഗപ്പെടുത്തുന്നു എന്നത്‌ ഇതിന്റെ തെളിവാണ്‌. 350ല്‍ അധികം മദ്‌റസകളില്‍ ഈ പരിഷ്‌കരണം നടപ്പിലാക്കിയിട്ടുണ്ട്‌. പള്ളികള്‍ സമുദായത്തിന്റെ മാര്‍ഗനിര്‍ദേശക കേന്ദ്രങ്ങളായി മാറ്റി എടുക്കാനുള്ള തീവ്രയത്‌നത്തിലാണ്‌. 300ല്‍ അധികം പള്ളികളെ സംഘടനയുടെ മസ്‌ജിദ്‌ കൗണ്‍സിലുമായി അഫിലിയേറ്റ്‌ ചെയ്യാന്‍ സാധിച്ചു. അഞ്ച്‌ വര്‍ഷത്തിനിടയ്‌ക്ക്‌ 100ല്‍ അധികം പുതിയ പള്ളികള്‍ സ്ഥാപിക്കാനായി എന്നതും അഭിമാനര്‍ഹമാണ്‌.

സ്‌ത്രീകളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശ്‌നങ്ങളില്‍ ധാര്‍മിക ചിന്തയോട്‌ കൂടിയ സമീപനം സ്വീകരിക്കാനും വാണിജ്യവല്‍ക്കരിപ്പെട്ട സാംസ്‌കാരികച്യുതിയില്‍ നിന്ന്‌ അവര്‍ക്ക്‌ വെളിച്ചം പകരാനും സാധ്യമായിട്ടുണ്ട്‌. യുവാക്കളുടെ സംഘശക്തി ശരിയായവിധത്തില്‍ ഉപയോഗപ്പെടുത്താനും തീവ്രവാദവികാരങ്ങളില്‍ നിന്ന്‌ വിവേകത്തിന്റെ പാതയുടെ തിരിച്ചറിവിലേക്ക്‌ അവരെ കൈപിടിച്ച്‌ ആനയിക്കാനും സാധ്യമായി. മതപരമായ ആചാരാനുഷ്‌ഠാനങ്ങളില്‍ കണിഷത പുലര്‍ത്തുന്നത്‌ തഖ്‌വയുടെ അടയാളമാണെങ്കിലും അമിതമായ താല്‍പര്യവും തീവ്രമായ വികാരങ്ങളും വെച്ച്‌ പുലര്‍ത്തി സമൂഹത്തില്‍ നിന്ന്‌ അകലുന്നത്‌ മറ്റൊരുവിധ തീവ്രവാദമാണ്‌. ഇസ്‌ലാം മദ്ധ്യമ നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. അത്‌ എല്ലാതലത്തിലും എല്ലാ അര്‍ത്ഥത്തിലും പ്രസക്തമാണ്‌.

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കേരളത്തിന്‌ പുറത്ത്‌ നിരവധി സംസ്ഥാനങ്ങളില്‍ കേരളീയ നവോത്ഥാന വീക്ഷണം പരിചയപ്പെടുത്താനും അവിടങ്ങളില്‍ സാധാരണക്കാരുടെ ശ്രദ്ധ മതസംസ്‌കരണ രംഗത്തേക്ക്‌ തിരിച്ച്‌ വിടാനുമുള്ള ശ്രമങ്ങള്‍ ക്കും ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്‌. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഒരു വേദി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്‌ പ്രസ്ഥാനം. മതവിജ്ഞാനരംഗത്തെ മൗലാനമാര്‍ മാത്രമല്ല മതബോധമുള്ള ഭൗതികവിദ്യാഭ്യാസം നേടിയവരും യുവാക്കളും ഈ വേദിയില്‍ ഉണ്ടാവണമെന്നും സംഘടന ആഗ്രഹിക്കുന്നു.

പഠനഗവേഷണ ത്വര വര്‍ദ്ധിപ്പിക്കാനും ആധുനിക വിഷയങ്ങളില്‍ ഗവേഷണപരമായ മതവിധികള്‍ പരിചയപ്പെടുത്താനും ഉദ്ദേശിച്ച്‌ പ്രസിദ്ധീകരിക്കുന്ന ` അത്തൗഹീദ്‌' മാസികയും അംഗീകാരം നേടിവരികയാണ്‌. അടുത്ത അഞ്ച്‌ വര്‍ഷം കൊണ്ട്‌ സമുദായത്തിന്റെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യം വെച്ച്‌ കര്‍മപരിപാടികള്‍ ആവിഷ്‌കരണങ്ങള്‍ നിര്‍ണായകമാവുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം


Popular Posts

 

Enter your email address:

Delivered by FeedBurner

Return to top of page Copyright © 2010 | മലയാളം ബ്ലോഗ്‌ ഹെല്‍പ് *-*-* Platinum Theme Converted into Blogger Template by HackTutors