അതിജീവനത്തിന്, പ്രകൃതിയിലേക്ക്







മനുഷ്യ രാശി കൊടിയ ദുരിത വര്‍ഷങ്ങള്‍ക്കിടയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന ആസുര കാലമാണിത്.ശാസ്ത്രവും സാങ്കേതിക വിദ്യകളും പുരോഗതിയുടെ നെറുകയില്‍ എത്തി നില്‍ക്കുമ്പോഴും മനുഷ്യന്റെ ഭാവിക്കു മുമ്പില്‍ ഇരുള്‍ പടരുന്നു.ജീവന്റെ അടിസ്ഥാന ആവശ്യങ്ങളായ ശുദ്ധവായു,കുടിവെള്ളം,ആഹാരം തുടങ്ങിയവ ദുര്‍ലഭമായിതീര്‍ന്നിരിക്കുന്നു.ഭൂവിഭവങ്ങള്‍ വറ്റി തീര്‍ന്നതല്ല,ഉപയോഗ ശൂന്യമാകുന്നതാണ് ആധുനിക മനുഷ്യന്‍ നേരിടുന്ന പ്രശ്നം.

ലോകവേദികളില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ആഗോള താപനത്തെ കുറിച്ചാണ്.ജീവന്റെ ഉറവിടമായ ഈ ജലഗോളം ചുട്ടു പഴുത്തു തുടങ്ങിയിരിക്കുന്നു.അന്തരീക്ഷം വിഷ പടലങ്ങളാല്‍ മുഖരിതമായിരിക്കുന്നു.ഓസോണ്‍ പാളികളില്‍ സുഷിരങ്ങള്‍ വീണതിനാല്‍ മാരകമായ കിരണങ്ങള്‍ ഭൂമിയില്‍ പതിക്കുകയും ജീവന്റെ കണങ്ങള്‍ നശിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു.അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്ന വിഷ വാതകങ്ങളും,മണ്ണിലും ജലത്തിലും കടലിലും കലര്‍ന്ന രാസ വിഷ ദ്രവങ്ങളും ജീവവായുവും സസ്യ-മാംസ ആഹാര വസ്തുക്കളും വിഷമയമാക്കിയിരിക്കുന്നു.മുലപ്പാല്‍ പോലും വിഷം ചുരത്തുന്ന ഭീകര നാളുകള്‍ ആസന്നമായിക്കഴിഞ്ഞിരിക്കുന്നു.

ഭൂമി മനുഷ്യര്‍ക്ക്‌ മാത്രം അവകാശപ്പെട്ടതല്ല.അത് എല്ലാ ജീവികളുടെയും തറവാടാണ്.ഈ തറവാടിന്റെ സൂക്ഷിപ്പുകാരന്‍ മനുഷ്യനാണ്.എന്നാല്‍,മറ്റൊരു ജീവിയും ഭൂമിക്കോ പ്രകൃതിക്കോ ഒരിക്കലും അപായം വരുത്തിയിട്ടില്ല.മനുഷ്യന്റെ ലക്ക് കെട്ട ജീവിതം മാത്രമാണ് എല്ലാ ദുസ്ഥിതികളും വരുത്തി വെച്ചിരിക്കുന്നത്.
മനുഷ്യര്‍ ഉള്‍പ്പെടെ,എല്ലാ ജീവികള്‍ക്കും ആവശ്യമായ വിഭവങ്ങള്‍ ദൈവം ഒരുക്കി വെച്ചിരിക്കുന്നു.അത് തനിക്കും തന്റെ തലമുറക്കും ഭാവി തലമുറക്കും ബാക്കി നിര്‍ത്തിക്കൊണ്ട് മിതമായി ഉപയോഗിക്കാനേ മനുഷ്യന് അനുമതിയുള്ളൂ.എല്ലാവരുടെയും ആവശ്യം നിറവേറ്റാനുള്ള വിഭവങ്ങള്‍ ഭൂമിയിലുണ്ട്,എന്നാല്‍ ഒരാളുടെ പോലും ആസക്തി ശമിപ്പിക്കാന്‍ മതിയായ വിഭവങ്ങള്‍ ഭൂമിയിലില്ല എന്ന പ്രാഥമിക ഉപപോഗ തത്വം മനുഷ്യന്‍ മറക്കുകയായിരുന്നു.അതിന്റെ ഫലമാണ് നാം സാക്ഷ്യം വഹിക്കുന്ന ദുരന്തങ്ങള്‍.

വ്യവസായ വിപ്ലവത്തിന്റെയും ഹരിത വിപ്ലവത്തിന്റെയും മുദ്രാവാക്യം അമിതോല്‍പ്പതാദനം ആയിരുന്നു.രാസവളങ്ങളും രാസ കീടനാശിനികളും അമിതോല്‍പ്പാദന വിത്തുകളും നമ്മെ രക്ഷിക്കുമെന്ന് നാം വ്യാമോഹിച്ചു.പ്രപഞ്ചത്തിന്റെ സൃഷ്ടി വ്യവസ്ഥയെ താളം തെറ്റിക്കുന്ന ജനിതക വക്രീകരണം ശാസ്ത്ര നേട്ടമായി നാം അഹങ്കരിച്ചു.മുതലാളിത്ത സംസ്കാരം ശീലിപ്പിച്ച കൂടുതല്‍ ലാഭം,കൂടുതല്‍ സുഖസൌകര്യങ്ങള്‍ എന്ന ജീവിത രീതി ഒടുവില്‍ അന്തകനായി തിരിഞ്ഞു കുത്തിയിരിക്കുന്നു.കാലാവസ്ഥ മാറ്റം,സുനാമികള്‍,കൊടുങ്കാറ്റ്,ഭീകരമായ രോഗങ്ങള്‍ തുടങ്ങിയ മാനവ ദുരന്തങ്ങള്‍ നമ്മുടെ ദുരയുടെ ശമ്പളം തന്നെയാണ്."ഭൂമിയില്‍ കരയിലും കടലിലും കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു;മനുഷ്യരുടെ കരങ്ങളുടെ ചെയ്തി കാരണം"(വി-ഖുറാന്‍, 30-41)

സഹോദങ്ങളെ,പ്രകൃതിക്കും ആവാസ വ്യവസ്ഥക്കും അനുകൂലമായ ഒരു ജീവത ശൈലിയിലേക്ക് മടങ്ങുകയാണ് നമുക്ക് മുമ്പിലുള്ള രക്ഷാമാര്‍ഗം.അമിതോപഭോഗവും ആസക്തിയും വെടിഞ്ഞു കൊണ്ടു ആത്മീയമായ ജീവിതമാണ് പ്രകൃതി സൌഹൃദപരം.ഇസ്ലാം ആവശ്യപ്പെടുന്നത് ആ ജീവിത ശൈലിയാണ്.അത് മാത്രമാണ് ആത്യന്തികമായ സമാധാനത്തിന്റെ വഴിയും.



 
ജാലകം

Enter your email address:

Delivered by FeedBurner

Return to top of page Copyright © 2010 | മലയാളം ബ്ലോഗ്‌ ഹെല്‍പ് *-*-* Platinum Theme Converted into Blogger Template by HackTutors