ജീവിത സൌകര്യങ്ങള്‍ കൂടിക്കൂടി വരികയാണ്. പ്രകാശവേഗതയിലുള്ള വാഹനങ്ങളും സുമോഹനങ്ങളായ പാര്‍പ്പിടങ്ങളും അതി ദ്രുതമായ വിവര വിനിമയ ഉപാധികളും അങ്ങനെയങ്ങനെ...
ശാസ്ത്രം പുതിയ കണ്ടെത്തലുകള്‍ ആരംഭിച്ച കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പുലര്‍ച്ചയില്‍ ആരോ ചോദിച്ചു : "ഇനിയെന്തിനൊരു ദൈവം?". അതിരില്ലാത്ത സുഖാനുഭവങ്ങളും പ്രപഞ്ചരഹസ്യങ്ങളിലേക്ക് ആഴ്ന്നു പറക്കാനുള്ള സാങ്കേതിക വിദ്യകളും മനുഷ്യന് സ്വന്തമാണെങ്കില്‍, വേറൊരു ദൈവം ആവശ്യമില്ലെന്ന് അവര്‍ അഹങ്കരിച്ചു.
ശാസ്ത്രീയ പുരോഗതി ഉത്തുംഗത പ്രാപിക്കുമ്പോഴും സുഖാനുഭവങ്ങള്‍ പുളച്ചു മറിയുമ്പോഴും ഇന്നത്തെ മാനവലോകം അതിനുമപ്പുറം വിശിഷ്ടമായ എന്തോ ഒന്നിന് കൊതിക്കുന്നു. ടെസ്റ്റ് ട്യൂബില്‍ വിരിയിച്ചെടുക്കാനാകാത്ത ഒന്ന്; ആധുനിക മനുഷ്യനെ നിരാശപ്പെടുത്തുന്ന ഒന്ന്; മാര്‍ക്കറ്റില്‍ നിന്ന് വിലകൊടുത്തു വാങ്ങാനാകാത്ത ഒന്ന്; അതത്രേ ജീവിത സന്തോഷവും ശാന്തിയും.
ശാന്തി കൈവിട്ട മനുഷ്യന്റെ നിസ്സഹായത മുതലെടുക്കുവാന്‍ ചൂഷകര്‍ നാല് ദിക്കുകളിലും തിരക്ക് കൂട്ടുന്നു. സ്വാസ്ഥ്യവും ശാന്തിയും സമാധാനവും വെച്ച് നീട്ടി ആള്‍ ദൈവങ്ങള്‍. ഇരട്ട ശ്രീകള്‍, അമ്മമാര്‍, ബാബമാര്‍, ബീവിമാര്‍. മഖ്ബറകളും മഠങ്ങളും ആശ്രമങ്ങളും സ്വലാത്ത് നഗറുകളും. വ്യാജ ആത്മീയകേന്ദ്രങ്ങളില്‍ പണപ്പെട്ടി നിറയുന്നു. സമാധാനം മുന്തിയ വിലക്ക് വില്‍പ്പനക്ക് വെച്ചിരിക്കുന്നു.
യുക്തിബോധവും ശാസ്ത്രജ്ഞാനവുമുള്ള ആധുനികന്‍ ഈ വ്യാജന്മാര്‍ക്ക് മുന്നില്‍ കുമ്പിടുമ്പോള്‍, തമ്മില്‍ ശത്രുതയും ഭിന്നതയും ലേലംവിളിയും നടത്തി സ്വയം സ്വാസ്ഥ്യം തകര്‍ന്നവര്‍ക്ക് മറ്റുള്ളവരെ ആശ്വസിപ്പിക്കാനാവില്ലെന്നു ചിന്തിക്കുന്നില്ല!!
ശാന്തിയും സമാധാനവും ദൈവപ്രോക്തമായ വരദാനമാണ്; അത് സൃഷ്ടികള്‍ക്ക് നിര്‍മ്മിച്ച് നല്‍കാനാവില്ല. അനേകം ദൈവങ്ങളുണ്ടെങ്കില്‍ വിശ്വശാന്തി യാഥാര്‍ത്യമാവില്ല. ദൈവങ്ങളുടെ കുടിപ്പകയില്‍ പ്രപഞ്ചം തകര്‍ന്നേനെ! "നിങ്ങളുടെ ദൈവം ഏക ദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവമുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ." [ഖുര്‍ആന്‍ 2 :166]
കരുണാവാരിധിയും സ്നേഹസമ്പന്നനുമായ സാക്ഷാല്‍ ദൈവത്തെ മാത്രം ആരാധിക്കുമ്പോള്‍ അവാച്യമായ മനശാന്തി കൈവരുന്നു. അവന്‍റെ കാരുണ്യത്തിന്‍റെ മഹാവര്‍ഷത്തില്‍ നാം കുളിരണിയുന്നു. ശാന്തിയടയുന്നു. താല്‍കാലിക സുഖാനുഭവങ്ങളേക്കാള്‍ ശാശ്വതശാന്തിക്ക് വേണ്ടി നാം ആ ആരാധ്യനെ വണങ്ങുക.
"അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും." [ഖുര്‍ ആണ്‍ 10 :25 ,26]